അമ്പലപ്പുഴ: മാലിന്യം നിറഞ്ഞ കാക്കാഴം കാപ്പിത്തോട് ആഴംകൂട്ടാന്‍ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നു. ഹരിയാലി പദ്ധതിപ്രകാരം 4,63,834 രൂപ ചെലവഴിച്ചാണ് കാപ്പിത്തോടും അനുബന്ധ ജലാശയമായ കമ്പിവളപ്പ് തോടും മാലിന്യം നീക്കി ആഴം കൂട്ടുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആഴം കൂട്ടല്‍ നടപടികള്‍ തുടങ്ങും. ആഴം കൂട്ടല്‍ പദ്ധതി എത്രത്തോളം ഫലപ്രദമാവുമെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയും ഉണ്ടായിട്ടുണ്ട്.
കാക്കാഴം സ്‌കൂള്‍ മുതല്‍ തെക്ക് കിഴക്കോട്ട് 1759 മീറ്റര്‍ ഭാഗമാണ് കാപ്പിത്തോടിന് ആഴം കൂട്ടുന്നത്. കൂടാതെ കമ്പി വളപ്പ് തോട്ടില്‍ 476 മീറ്റര്‍ ഭാഗവും ആഴംകൂട്ടും. കാപ്പിത്തോടുമായി ബന്ധപ്പെട്ടു കിടക്കുന്ന കമ്പിവളപ്പുതോടും മാലിന്യപ്രശ്‌നം ഉയര്‍ത്തുന്നതാണ്. ആഴംകൂട്ടല്‍ പദ്ധതിക്കായി ഗുണഭോക്തൃസമിതിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.
രണ്ടു പതിറ്റാണ്ടായി കാപ്പിത്തോട്ടില്‍ നിറഞ്ഞു കിടക്കുന്ന ഖരമാലിന്യം ഇളകുമ്പോഴുണ്ടാവുന്ന ദുര്‍ഗന്ധമടക്കമുള്ള പ്രശ്‌നത്തെ എങ്ങനെ അതിജീവിക്കുമെന്ന കാര്യത്തിലാണ് അഭിപ്രായ ഭിന്നതയുള്ളത്. ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് ക്ലോറിനേഷന്‍ നടത്തുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് സമീപവാസികളുടെ ആശങ്കകള്‍ അവര്‍ തള്ളിക്കളയുന്നില്ല.
ഇപ്പോള്‍ തന്നെ കാപ്പിത്തോട്ടിലെ സമീപവിദ്യാലയങ്ങളില്‍ ഉച്ചകഴിഞ്ഞാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹിക്കാവുന്നതിലും അപ്പുറമാണ് ദുര്‍ഗന്ധം. നിരവധി പേര്‍ക്ക് ശ്വാസംമുട്ടലും ഛര്‍ദിയും മൂലം അധ്യയനം തന്നെ പ്രതിസന്ധിയിലാണ്. വിദ്യാഭ്യാസ വകുപ്പധികൃതര്‍ പ്രശ്‌നത്തെ നിസാരമായി കാണുന്നു എന്ന പരാതിയുമുണ്ട്. കാപ്പിത്തോട്ടില്‍ നിന്നും വാരിയെടുക്കുന്ന മാലിന്യം എവിടെ കൂട്ടിയിടും എന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുകയാണ്. ആഴംകൂട്ടല്‍ പൂര്‍ത്തിയാവും വരെ സമീപവിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് അഭിപ്രായമുണ്ട്. എന്നാല്‍ പത്താംക്ലാസ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സങ്കീര്‍ണത നിറഞ്ഞ കാപ്പിത്തോട് പ്രശ്‌നം പരിഹരിക്കാന്‍ ഗൗരവത്തോടെയുള്ള നടപടികള്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ആഴം കൂട്ടാനിറങ്ങുന്ന തൊഴിലാളികളുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
Wednesday, February 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment