Saturday, January 31, 2009

വെട്ടിക്കാട്‌ ചന്ദ്രശേഖരന്‌ അമ്പലപ്പുഴയില്‍ ചികിത്സ

എരണ്ടകെട്ട്‌; വെട്ടിക്കാട്‌ ചന്ദ്രശേഖരന്‌ അമ്പലപ്പുഴയില്‍ ചികിത്സ തുടങ്ങി

അമ്പലപ്പുഴ: എരണ്ടകെട്ട്‌ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ ഗജവീരന്‍ വെട്ടിക്കാട്‌ ചന്ദ്രശേഖരന്‌ അമ്പലപ്പുഴയില്‍ ചികിത്സ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‌ കീഴിലുള്ള കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി വെട്ടിക്കാട്‌ മഹാദേവക്ഷേത്രത്തിലെ ആനയാണ്‌ 45 വയസ്സുള്ള ചന്ദ്രശേഖരന്‍.

അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭ മഹോത്സവത്തിന്‌ എഴുന്നള്ളിക്കാനാണ്‌ ചന്ദ്രശേഖരനെ ഇവിടെ കൊണ്ടുവന്നത്‌. 25ന്‌ ഉത്സവം സമാപിച്ചു. വിശ്രമത്തിലായിരുന്ന ഗജവീരന്‌ 28-ാം തീയതിയാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടത്‌. പിണ്ഡം പോകാതിരിക്കുന്നതാണ്‌ രോഗലക്ഷണം. ഇതിന്റെ ഫലമായി ആഹാരം തീരെ കഴിക്കാതെയാവും. ദിവസങ്ങളോളം ഇത്‌ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവും.

കോട്ടയം എലിഫന്റ്‌ സ്‌കാഡിലെ അംഗം, മൃഗസംരക്ഷണ വകുപ്പിലെ ഡോ. ശശീന്ദ്രദേവ്‌ ആണ്‌ ആനയെ ചികിത്സിക്കുന്നത്‌. ചികിത്സയുടെ ഫലമായി ശനിയാഴ്‌ച രാവിലെ മുതല്‍ ആന ചെറുതായി ഭക്ഷണം കഴിച്ചുതുടങ്ങി. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ശനിയാഴ്‌ച വൈകീട്ടോടെ ആനയ്‌ക്ക്‌ ഡ്രിപ്‌ ഇട്ടു. ഭക്ഷണം ശരിയാവാതെ വന്നാലും കാലാവസ്ഥാ വ്യതിയാനംമൂലവും എരണ്ടകെട്ട്‌ രോഗം ബാധിക്കാനിടയുണ്ടെന്ന്‌ ഡോ. ശശീന്ദ്രദേവ്‌ വിശദീകരിച്ചു.

അമ്പലപ്പുഴ ക്ഷേത്രത്തിന്‌ സമീപം ദേവസ്വംവക സ്ഥലത്ത്‌ തളച്ചാണ്‌ ചന്ദ്രശേഖരനെ ചികിത്സിക്കുന്നത്‌. പാപ്പാന്മാരായ കൊട്ടാരക്കര വെട്ടിക്കവല പുളിമൂടില്‍ പുത്തന്‍വീട്ടില്‍ രാമകൃഷ്‌ണപിള്ള, കടപ്പ മൈനാഗപ്പള്ളി അരുണ്‍ഭവനില്‍ കൃഷ്‌ണകുമാര്‍ എന്നിവരും സമീപത്തുണ്ട്‌. ശാന്തസ്വഭാവക്കാരനായ ചന്ദ്രശേഖരന്‌ ഇത്തരമൊരു രോഗം പിടിപെടുന്നത്‌ ആദ്യമായാണെന്ന്‌ പാപ്പാന്മാര്‍ പറയുന്നു.

No comments: