Saturday, January 24, 2009

ശങ്കരനാരായണ സ്‌മരണയില്‍ ശ്രീകൃഷ്‌ണസന്നിധി സംഗീതസാന്ദ്രമായി

അമ്പലപ്പുഴ: അനുഗൃഹീത കലാകാരന്‍ അമ്പലപ്പുഴ ശങ്കരനാരായണ പണിക്കര്‍ക്ക്‌ സ്‌മരണാഞ്‌ജലിയായി ശ്രീകൃഷ്‌ണസന്നിധിയില്‍ സംഗീതോത്സവം തുടങ്ങി. ദേശാന്തരങ്ങളില്‍ നിന്നെത്തിയ കലാപ്രതിഭകള്‍ കണ്ണന്റെ സന്നിധിയെ സംഗീതസാന്ദ്രമാക്കുകയാണ്‌. ശനിയാഴ്‌ച രാവിലെ ഒമ്പതുമണിയോടെ ക്ഷേത്രം മേല്‍ശാന്തി ബാബു നമ്പൂതിരി, നാദസ്വരവിദ്വാന്മാരായിരുന്ന അമ്പലപ്പുഴ സഹോദരന്മാരുടെ ചിത്രത്തിനുമുമ്പില്‍ ഭദ്രദീപം കൊളുത്തിയതോടെയാണ്‌ സംഗീതോത്സവം തുടങ്ങിയത്‌. തുടര്‍ന്ന്‌ കലാകാരന്മാര്‍ ഒന്നിനുപുറകെ ഒന്നായി വേദിയില്‍ സംഗീതാര്‍ച്ചന നടത്തി. സംഗീതോത്സവത്തിന്‌ ഇത്തവണ ആസ്വാദകരും ഏറിയിട്ടുണ്ട്‌. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവംപോലെ അമ്പലപ്പുഴ മഹാക്ഷേത്രത്തില്‍ നടക്കുന്ന ശങ്കരനാരായണ സംഗീതോത്സവത്തില്‍ നൂറിലേറെ കലാകാരന്മാരാണ്‌ ഇത്തവണ പങ്കെടുക്കുന്നത്‌. ഇവരെ കൂടാതെ പ്രമുഖ സംഗീതജ്ഞരും കണ്ണന്റെ സന്നിധിയിലെത്തും. കണ്ണന്റെ സന്നിധിയില്‍ സംഗീതാര്‍ച്ചന നടത്തുന്നത്‌ അപൂര്‍വ ഭാഗ്യമായാണ്‌ കലാകാരന്മാര്‍ കരുതുന്നത്‌. സംഗീതരംഗത്തേക്ക്‌ പിച്ചവയ്‌ക്കുന്ന കൊച്ചുകലാകാരന്മാരുടെ നിറഞ്ഞ സാന്നിധ്യവും സംഗീതോത്സവത്തിന്റെ ആദ്യദിനത്തില്‍ ശ്രദ്ധേയമായിരുന്നു. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്ക്‌ ഭഗവാന്‌ ചാര്‍ത്തിയ കളഭം പ്രസാദമായി നല്‍കും. സാക്ഷ്യപത്രങ്ങളും നല്‍കുന്നുണ്ട്‌. പന്ത്രണ്ടാം കളഭദിവസമായ ഞായറാഴ്‌ച വൈകീട്ട്‌ ആറിന്‌ സ്വാതിതിരുനാളിന്റെ പ്രസിദ്ധമായ ഭാവയാമി രഘുരാമം എന്ന രാഗമാലികയും പഞ്ചരത്‌ന കീര്‍ത്തനവും പ്രശസ്‌ത സംഗീതജ്ഞ അംബുജം ദൊരൈസ്വാമിയുടെ നേതൃത്വത്തില്‍ കലാകാരന്മാര്‍ ഒന്നിച്ച്‌ ആലപിക്കുന്നതോടെയാണ്‌ സംഗീതോത്സവം പൂര്‍ത്തിയാകുന്നത്‌.
ഇന്ന്‌ പന്ത്രണ്ടാം കളഭം

രാവിലെ 7.00 ശ്രീബലി, 7.30 ഭാഗവതപാരായണം, 9.00 ശങ്കരനാരായണ സംഗീതോത്സവം, 11.00 കളഭാഭിഷേക ദര്‍ശനം. ഉച്ചയ്‌ക്ക്‌ 12.00 പ്രസാദംഊട്ട്‌, 1.00 സംഗീതോത്സവം തുടര്‍ച്ച. വൈകീട്ട്‌ 6.00 രാഗമാലിക ആലാപനം, 6.30 ദീപക്കാഴ്‌ച വെടിക്കെട്ട്‌, 7.00 നാദസ്വരക്കച്ചേരി, രാത്രി 10.00 വിളക്കെഴുന്നള്ളിപ്പ്‌, വിളക്കാചാരം, 12.00 ബാലെ.

No comments: