Thursday, January 22, 2009

കളഭാഭിഷേകം ശങ്കരനാരായണ സംഗീതോത്സവം; രജിസ്‌ട്രേഷന്‌ തിരക്കേറുന്നു

അമ്പലപ്പുഴ: പത്തും പതിനൊന്നും കളഭ മഹോത്സവ ദിനങ്ങളില്‍ നടക്കുന്ന ശങ്കരനാരായണ സംഗീതോത്സവത്തിനുള്ള രജിസ്‌ട്രേഷന്‌ തിരക്കേറുന്നു. വ്യാഴാഴ്‌ച ഉച്ചവരെ എഴുപത്തിയഞ്ചില്‍പരം യുവ കലാകാരന്മാരാണ്‌ ക്ഷേത്രത്തില്‍ വച്ചിട്ടുള്ള ബുക്കില്‍ പേരെഴുതി രജിസ്റ്റര്‍ ചെയ്‌തത്‌. ഇവരെ കൂടാതെ പ്രഗത്ഭരായ നിരവധി കലാകാരന്മാരും സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തും. രണ്ടു ദിനങ്ങള്‍ സംഗീതസാന്ദ്രമാകുന്ന സംഗീതോത്സവം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം പോലെയാണ്‌. കേരളീയ സംഗീതത്തിന്‌ നിസ്‌തുലമായ സംഭാവനകള്‍ നല്‍കിയ അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരെ അനുസ്‌മരിച്ചുകൊണ്ടു നടക്കുന്ന സംഗീതാര്‍ച്ചനയാണിത്‌. കലാരംഗത്ത്‌ പ്രശസ്‌തരും നവാഗതരും ആയിട്ടുള്ളവര്‍ അനുഗ്രഹം തേടിയെത്തുന്ന സംഗീതോത്സവം ആരംഭിക്കാന്‍ മുന്‍കൈയെടുത്തത്‌ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റ്‌ സെക്രട്ടറിയായിരുന്ന യശശ്ശരീരനായ എസ്‌. മഹാദേവക്കുറുപ്പാണ്‌. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍നടക്കുന്ന ആദ്യത്തെ സംഗീതോത്സവം കൂടിയാണ്‌ ഇത്തവണത്തേത്‌. ഇന്ന്‌ പത്താം കളഭം രാവിലെ 7.00 ശ്രീബലി, 7.30 ഭാഗവത പാരായണം, 11.00 കളഭാഭിഷേക ദര്‍ശനം. ഉച്ചയ്‌ക്ക്‌ 12.00 പ്രസാദ ഊട്ട്‌, വൈകീട്ട്‌ 3.00 പാഠകം, 6.30 ദീപക്കാഴ്‌ച, വെടിക്കെട്ട്‌, 7.00 ബാലെ. രാത്രി 8.30 വിളക്കെഴുന്നള്ളിപ്പ്‌, വിളക്കാചാരം.

No comments: