കളഭവിശേഷം നിത്യവും ഇവിടെ അന്നദാനം
അമ്പലപ്പുഴ: ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നിത്യവും അന്നദാനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ മഹാക്ഷേത്രം. പന്ത്രണ്ടുകളഭ മഹോത്സവത്തിന് അന്നദാനത്തില്‍ പങ്കെടുക്കാന്‍ ക്രമാതീതമായ തിരക്കാണ്. ദിവസേന അയ്യായിരം പേരുടെ മേലാണ് കളഭ ദിനങ്ങളില്‍ അന്നദാനത്തിനെത്തുന്നത്. കളഭം തൊഴാന്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ഭഗവാനെ തൃപ്‌തിപ്പെടുത്താനാണെന്നാണ് വിശ്വാസം. എല്ലാവദിവസവും അമ്പതുപേര്‍ക്കുവീതം ദേവസ്വംബോര്‍ഡ് അന്നദാനം നടത്തുന്നുണ്ട്. ഭക്തജനങ്ങള്‍ വഴിപാടായി ഇതിനുള്ള പണം ദേവസ്വം കൗണ്ടറില്‍ അടയ്‌ക്കുകയാണ്. നിത്യ അന്നദാനത്തിനുള്ള കൂപ്പണ്‍ രാവിലെ 11 മുതല്‍ വിതരണം ചെയ്യും. ആദ്യമെത്തുന്ന അമ്പതുപേര്‍ക്കാണ് കൂപ്പണ്‍ നല്‍കുന്നത്. പന്ത്രണ്ടുകളഭ ദിവസങ്ങളിലും പത്ത് ഉത്സവദിനങ്ങളിലും എല്ലാ മലയാളമാസവും അവസാന ഏഴുദിനങ്ങളിലായി നടക്കുന്ന സപ്‌താഹയജ്ഞത്തിനും അന്നദാനമുണ്ട്. വൈശാഖ യജ്ഞോത്സവത്തിന്റെ മുപ്പതുദിവസങ്ങളിലും അന്നദാനം നടക്കും. നിത്യ അന്നദാനത്തില്‍ നിന്ന് വ്യത്യസ്‌തമായി ഈ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കെല്ലാം അന്നദാനത്തില്‍ പങ്കെടുക്കാം. അഷ്ടമിരോഹിണി നാളില്‍ ഭക്തര്‍ക്ക് ഭഗവാന്റെ പിറന്നാള്‍ സദ്യയുണ്ണാം. വിഭവസമൃദ്ധമാണ് പിറന്നാള്‍ സദ്യ. വടക്കേനടയിലെ കൊച്ചു ഊട്ടുപുരയിലാണ് നിത്യ അന്നദാനം. ഉത്സവദിനങ്ങളിലെ അന്നദാനം വലിയ ഊട്ടുപുരയിലും നടക്കും. ചോറ്, സാമ്പാര്‍, പുളിശ്ശേരി, കൂട്ടുകറി, അച്ചാര്‍ എന്നിവയാണ് അന്നദാനത്തിന്റെ വിഭവങ്ങള്‍. ചിലദിവസം പാല്‍പ്പായസവും ഉണ്ടാവും. കളഭദിനങ്ങളില്‍ 12.30ന് ആരംഭിക്കുന്ന അന്നദാനം 3 മണിയോളം നീളും. അന്നദാനത്തില്‍ പങ്കെടുക്കുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ പടിഞ്ഞാറെ നടയില്‍ പ്രത്യേക ബാരിക്കേഡും പന്തലും സജ്ജീകരിച്ചിട്ടുണ്ട്.
Wednesday, January 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment