Wednesday, January 21, 2009

വോട്ടെണ്ണല്‍ ഇന്ന്‌ അമ്പലപ്പുഴ വടക്ക്‌ ഒന്നാം വാര്‍ഡില്‍ 72 ശതമാനം പോളിങ്‌

അമ്പലപ്പുഴ: സി.പി.എം. വിമതന്‍ സ്ഥാനാര്‍ഥിയായതോടെ ശ്രദ്ധേയമായ അമ്പലപ്പുഴ വടക്ക്‌ ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലേക്ക്‌ ബുധനാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ 72.68 ശതമാനം പോളിങ്‌. പ്രത്യേക സംരക്ഷണത്തിനുള്ള ഹൈക്കോടതി ഉത്തരവും സംഘര്‍ഷസാധ്യതയും കണക്കിലെടുത്ത്‌ കനത്ത പോലീസ്‌ കാവലിലായിരുന്നു വോട്ടെടുപ്പ്‌. വോട്ടെണ്ണല്‍ വ്യാഴാഴ്‌ച രാവിലെ എട്ടിന്‌ നടക്കും. വണ്ടാനം ടി.ഡി. മെഡിക്കല്‍ കോളേജില്‍ രണ്ട്‌ ബൂത്തുകളിലായിരുന്നു വോട്ടെടുപ്പ്‌. ആകെയുള്ള 1417 വോട്ടര്‍മാരില്‍ 1030 പേര്‍ വോട്ടചെയ്‌തു. ഇതില്‍ 573 പേര്‍ സ്‌ത്രീകളും 457 പേര്‍ പുരുഷന്മാരുമാണ്‌. കഴിഞ്ഞതവണ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ട ഉദയന്‍ എന്ന വോട്ടര്‍ക്ക്‌ തിരഞ്ഞെടുപ്പു ചെലവുകള്‍ സംബന്ധിച്ച കണക്കുകള്‍ ഹാജരാക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അഞ്ച്‌ വര്‍ഷത്തേക്ക്‌ വോട്ടുചെയ്യുന്നതിന്‌ അയോഗ്യത കല്‌പിച്ചിരുന്നു. ഇയാള്‍ വോട്ട്‌ രേഖപ്പെടുത്താന്‍ എത്തിയെങ്കിലും പോളിങ്‌ ഉദ്യോഗസ്ഥര്‍ കാര്യം വിശദീകരിച്ചുനല്‍കി തിരിച്ചയച്ചു. രാവിലെ വോട്ടെടുപ്പ്‌ ആരംഭിച്ചപ്പോള്‍ത്തന്നെ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്‌. ഉച്ചക്ക്‌ 1മണിക്കകംതന്നെ 67 ശതമാനംപേര്‍ വോട്ടുചെയ്‌തു. ആലപ്പുഴ ഡിവൈ.എസ്‌.പി. കെ.എം. ടോമിയുടെ നേതൃത്വത്തില്‍ നാല്‌ സി.ഐ.മാര്‍, ഏഴ്‌ എസ്‌.ഐ.മാര്‍ അടക്കം നൂറിലേറെ പോലീസുകാരെയാണ്‌ വോട്ടെടുപ്പ്‌ കേന്ദ്രത്തിലും വാര്‍ഡിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലും വിന്യസിച്ചിരുന്നത്‌. ഇതിനാല്‍ യാതൊരു അനിഷ്ടസംഭങ്ങളും ഉണ്ടായില്ല. എന്‍. അനിരുദ്ധന്‍ (സി.പി.എം.), എ.എ. അസീസ്‌ (കോണ്‍ഗ്രസ്‌-ഐ.), വി. ധ്യാനസുതന്‍ (സി.പി.എം.-വിമതന്‍), ബി. മനോജ്‌ (ബി.ജെ.പി.), എച്ച്‌. റഷീദ്‌ (പി.ഡി.പി.) എന്നിവരാണ്‌ ഇവിടെ മത്സരിക്കുന്നത്‌. വോട്ടെടുപ്പുദിവസവും വോട്ടെണ്ണല്‍ കഴിയുന്നതുംവരെ വിമതസ്ഥാനാര്‍ഥി വി. ധ്യാനസുതന്‌ പ്രത്യേക സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനാല്‍, വന്‍ പോലീസ്‌കാവലിലാണ്‌ ധ്യാനസുതനെ വോട്ടെടുപ്പ്‌ കേന്ദ്രത്തില്‍നിന്നും വീട്ടിലെത്തിച്ചത്‌. ഇദ്ദേഹത്തിന്റെ വീടിനും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നീര്‍ക്കുന്നം എസ്‌.ഡി.വി. ഗവണ്‍മെന്റ്‌ യു.പി. സ്‌കൂളിലാണ്‌ വോട്ടെണ്ണല്‍ നടക്കുക. ബാലറ്റ്‌ പെട്ടികള്‍ കനത്ത പോലീസ്‌ കാവലില്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്‌. വ്യാഴാഴ്‌ച പതിനൊന്നുമണിയോടെ ഫലം അറിയാനാവും.

No comments: