Wednesday, January 21, 2009

കഥകളിക്ക്‌ ഇന്ന്‌ കേളികൊട്ടുയരും

അമ്പലപ്പുഴ: ശബരിമല ശ്രീധര്‍മ്മശാസ്‌താവിന്റെ മാതൃസ്ഥാനമാണ്‌ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം. കലയ്‌ക്കും കലാകാരന്മാര്‍ക്കും എന്നും മുന്തിയ പരിഗണന നല്‍കിയിട്ടുള്ള ഇവിടെ കഥകളിക്കും സവിശേഷ സ്ഥാനമാണുള്ളത്‌. ഇത്തവണ കളഭമഹോത്സവത്തോടനുബന്ധിച്ചുള്ള കഥകളിക്ക്‌ എട്ടാം കളഭദിനമായ ബുധനാഴ്‌ച കേളികൊട്ടുയരും. ഉത്സവകാലത്ത്‌ നാടകശാലയിലും മന്ത്രശാലയിലും കഥകളി നടന്നിരുന്ന സ്ഥലമാണ്‌ അമ്പലപ്പുഴ ക്ഷേത്രം. ക്ഷേത്രത്തിന്റെ തെക്ക്‌ കിഴക്കായി തൃക്കൈക്കുളത്തിന്റെ തെക്ക്‌ ഭാഗത്ത്‌ കാണുന്ന മാളികയാണ്‌ മന്ത്രശാല. ചെമ്പകശ്ശേരി രാജാക്കന്മാര്‍ മന്ത്രിസഭ കൂടിയിരുന്ന ഇവിടുത്തെ കഥകളി രണ്ടാംതരക്കാരുടേതായിരുന്നു. ക്ഷേത്രത്തിന്റെ തെക്ക്‌ പടിഞ്ഞാറ്‌, കിഴക്ക്‌ പടിഞ്ഞാറായി നിര്‍മിച്ചിട്ടുള്ള നാടകശാലയില്‍ ഒന്നാംതരക്കാരുടെ കഥകളി ആയിരുന്നു നടന്നിരുന്നത്‌. നാടകശാലയുടെ കിഴക്ക്‌ ഭാഗത്തുള്ള ചിത്രപ്പണികളോടുകൂടിയ കൂത്തമ്പലത്തിലാണ്‌ പണ്ട്‌ കുഞ്ചന്‍നമ്പ്യാര്‍ മിഴാവ്‌ കൊട്ടിയതും ചാക്യാര്‍ കൂത്ത്‌ പറഞ്ഞതും. കേരളത്തിലെ ഒട്ടുമിക്ക കഥകളി നടന്‍മാരും മേളക്കാരും പാട്ടുകാരും ശ്രീകൃഷ്‌ണ സന്നിധിയില്‍ കലാവിരുന്ന്‌ ഒരുക്കിയിട്ടുണ്ട്‌. വയസ്‌ക്കര ആര്യന്‍ നാരായണ മൂസ്സ്‌ രചിച്ച ദുര്യോധനവധം കഥ മേളപ്പദത്തോടുകൂടി സമ്പൂര്‍ണമായാണ്‌ ബുധനാഴ്‌ച രാത്രി ഇവിടെ അവതരിപ്പിക്കുന്നത്‌. സദനം കൃഷ്‌ണന്‍കുട്ടി, കലാമണ്ഡലം വിജയകുമാര്‍, കലാമണ്ഡലം ഷണ്‍മുഖന്‍, കലാമണ്ഡലം ഹരി ആര്‍. നായര്‍, കലാനിലയം വിനോദ്‌, കലാമണ്ഡലം ശുചീന്ദ്രനാഥ്‌, കലാമണ്ഡലം ശ്രീകാന്ത്‌ ശര്‍മ, കലാമണ്ഡലം അരുണ്‍ വാര്യര്‍, വിഷ്‌ണു എന്നിവര്‍ വേഷമിടും. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ജയപ്രകാശ്‌, കലാമണ്ഡലം വിനോദ്‌ (പാട്ട്‌), കലാമണ്ഡലം കൃഷ്‌ണദാസ്‌, കലാമണ്ഡലം ശ്രീകാന്ത്‌, കലാനിലയം രതീഷ്‌ (ചെണ്ട),കലാനിലയം മനോജ്‌, കലാമണ്ഡലം വിനീത്‌ (മദ്ദളം), കലാമണ്ഡലം സുകുമാരന്‍, കലാമണ്ഡലം രവികുമാര്‍ (ചുട്ടി), പള്ളിപ്പുറം ഉണ്ണികൃഷ്‌ണന്‍, നെടുമുടി മധുസൂദന പണിക്കര്‍, രഞ്‌ജിത്ത്‌ (ചമയം) എന്നിവരാണ്‌ മറ്റുകലാകാരന്മാര്‍. ദീപകിന്റെ പുറപ്പാടോടെ കഥകളി തുടങ്ങും. കളഭത്തോടനുബന്ധിച്ച്‌ സര്‍ഗകൈരളി അവതരിപ്പിച്ച കളഭകാവ്യം കവിയരങ്ങ്‌ ശ്രദ്ധേയമായി. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്‌ഘാടനംചെയ്‌തു. തോട്ടപ്പള്ളി രവീന്ദ്രനാഥ്‌, പ്രൊഫ. അമൃത, ചന്ദ്രന്‍ പുറക്കാട്‌, മുരളി ആലിശ്ശേരി, ശശികല പുന്നപ്ര, വിജയന്‍, തോട്ടപ്പള്ളി സുബാഷ്‌ ബാബു എന്നിവര്‍ പങ്കെടുത്തു.

No comments: