Sunday, January 25, 2009

ആയിരങ്ങള്‍ക്ക്‌ ദര്‍ശന സായൂജ്യം പന്ത്രണ്ടുകളഭ മഹോത്സവത്തിന്‌ പരിസമാപ്‌തി

അമ്പലപ്പുഴ: ആയിരങ്ങള്‍ക്ക്‌ ദര്‍ശന സായൂജ്യം പകര്‍ന്ന്‌ അമ്പലപ്പുഴ മഹാക്ഷേത്രത്തില്‍ പന്ത്രണ്ടു ദിനരാത്രങ്ങളിലായി നടന്നുവന്ന പന്ത്രണ്ടു കളഭ മഹോത്സവത്തിന്‌ പരിസമാപ്‌തിയായി. കളഭച്ചാര്‍ത്തണിഞ്ഞുനില്‍ക്കുന്ന കണ്ണനെ കണ്ടുതൊഴാന്‍ നാടിന്റെ നാനാദിക്കുകളില്‍നിന്നുമാണ്‌ ഭക്തജനങ്ങള്‍ എത്തിയത്‌. ക്ഷേത്രത്തിലെ പ്രതിഷുാമൂര്‍ത്തിക്കുണ്ടാവുന്ന അശുദ്ധിയും ആലസ്യവും അകറ്റി ചൈതന്യവും ശക്തിയും പകര്‍ന്നുനല്‍കുവാന്‍ നടത്തുന്നതാണ്‌ പന്ത്രണ്ടുകളഭം. മകരം ഒന്നുമുതല്‍ 12 വരെയാണീ മഹോത്സവം കൊണ്ടാടുന്നത്‌. പകലത്തെ കളഭാഭിഷേക ദര്‍ശനവും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പുമാണ്‌ പ്രധാന ചടങ്ങുകള്‍. കളഭവും വിളക്കും കണ്ടുതൊഴുന്നത്‌ മുറജപവും ലക്ഷദീപവും കണ്ടുതൊഴുന്നതിന്‌ തുല്യമാണെന്നാണ്‌ വിശ്വാസം. മകരമാസത്തിലെ ചുട്ടുപൊള്ളുന്ന വെയിലും കടുത്ത മഞ്ഞും അവഗണിച്ചാണ്‌ ഭക്തര്‍ കളഭവും വിളക്കും തൊഴാന്‍ ശ്രീകൃഷ്‌ണസന്നിധിയിലേക്ക്‌ ഒഴുകിയെത്തിയത്‌. വര്‍ഷംതോറും നടക്കുന്ന പന്ത്രണ്ടു കളഭവും പന്ത്രണ്ടു തവണ പന്ത്രണ്ടു കളഭം കഴിയുമ്പോഴുള്ള പള്ളിപ്പാനയും പന്ത്രണ്ടു പള്ളിപ്പാനകള്‍ കഴിയുമ്പോഴുള്ള വിജയബലിയും ശബരിമല ശ്രീധര്‍മശാസ്‌താവിന്റെ മാതൃസ്ഥാനമായ അമ്പലപ്പുഴ മഹാക്ഷേത്രത്തിന്റെ സവിശേഷതയാണ്‌. രണ്ടു തലമുറകളില്‍ ഒരാള്‍ക്കുമാത്രമേ വിജയബലി ദര്‍ശിക്കാന്‍ ഭാഗ്യം ലഭിക്കൂ. പന്ത്രണ്ടു കളഭം കഴിഞ്ഞാല്‍ പിന്നെ അമ്പലപ്പുഴയില്‍ ഉത്സവത്തിനുള്ള ഒരുക്കമാണ്‌. മാര്‍ച്ച്‌ 13നാണ്‌ പത്തുനാള്‍ നീളുന്ന ഉത്സവത്തിന്‌ കൊടിയേറുന്നത്‌. 22ന്‌ ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. കളഭമഹോത്സവത്തോടനുബന്ധിച്ച്‌ അനുഗൃഹീത കലാകാരന്‍ അമ്പലപ്പുഴ ശങ്കരനാരായണപ്പണിക്കരുടെ സ്‌മരണയ്‌ക്കായി നടത്തിയ സംഗീതോത്സവം ഞായറാഴ്‌ച വൈകീട്ട്‌ സമാപിച്ചു. പ്രശസ്‌ത സംഗീതജ്ഞ അംബുജം ദൊരൈസ്വാമിയുടെ നേതൃത്വത്തില്‍ സ്വാതിതിരുനാളിന്റെ പ്രസിദ്ധമായ 'ഭാവയാമി രഘുരാമം' എന്ന രാഗാമാലികയും പഞ്ചരത്‌ന കീര്‍ത്തനവും കലാകാരന്മാര്‍ ഒന്നിച്ച്‌ ആലപിച്ചതോടെയാണ്‌ സംഗീതോത്സവം പൂര്‍ത്തിയായത്‌. ക്ഷേത്രോപദേശക സമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്‌ നേരിട്ടാണ്‌ ഇത്തവണ പന്ത്രണ്ടുകളഭ മഹോത്സവം നടത്തിയത്‌.

1 comment:

വിജയലക്ഷ്മി said...

Nalla postum vivaranavum..bhagavaante ulsava chittavattangal ariyaan kazhinju..